22.12.09

ഡിസംബര്‍

ആരുമില്ലാത്ത വീട്ടില്‍, അടച്ചിട്ട വാതില്‍ പാളികള്‍ക്കടിയിലെ
വിടവിലൂടെ തെരുവില്‍ നടന്നു പോകുന്ന കാല്‍പാദങ്ങള്‍ നോക്കി
കിടക്കുന്ന ഒരു പെണ്‍കുട്ടിയെ ഏതോ കഥയില്‍ വായിച്ചതോര്‍ക്കുന്നു.
കഥയില്‍ ഇല്ലാത്ത പോലെ പെട്ടെന്നൊരു ദിവസം
അവളുടെ വീട്ടിലേയ്ക്ക് ആരൊക്കെയോ വന്നു കയറുന്നു.
കവിത,
സ്നേഹം,
കൂട്ട്,
കള്ളം,
മുറിവ്,
മരുന്ന്,
വഴക്ക്
പ്രണയം,
സന്തോഷം,
കരച്ചില്‍,
പിന്നെയും
സ്നേഹം
കവിത
കവിത
ഇറച്ചിക്കടയിലേയ്ക്കു തുറക്കുന്ന ജനാലയില്‍
അവളൊരു കര്‍ട്ടന്‍ തുന്നിയിട്ടു.

ഡിസംബറേ, എന്‍റെ വീടകം നിറയെ ഒച്ചയനക്കങ്ങള്‍ തന്ന
പ്രീയപ്പെട്ട മഞ്ഞു മാസമേ നന്ദി. ബ്ലോഗ്‌ തുടങ്ങിയിട്ട് ഒരു വര്‍ഷം.
കുഞ്ഞുങ്ങളുടെ പിറന്നാളല്ലാതെ മറ്റൊരു മാസവും തീയതിയും
ഓര്‍ത്തു വെയ്ക്കാത്ത ഞാന്‍ ഡിസംബര്‍ ഓര്‍ത്തു വെയ്ക്കുന്നു
കൂടെ കൂട്ടിയ എല്ലാവര്‍ക്കും നന്ദി. സ്നേഹം.

30.11.09

മകള്‍ ഋതു

ഏതോ ഗാന രംഗത്തിന്റെ വേഗ
മാന്ത്രികതയില്‍ ഋതുക്കള്‍ മാറുന്ന
കരയിലാണ് എന്‍റെ വീട്,
ഉറവ വെളിപ്പെടുത്താതെ
ഒരു നദി ഒഴുകി പോയതിന്‍റെ
കാല്‍പ്പാടുകളിലുണ്ട്
മുങ്ങിപ്പോയ എന്‍റെ നഗരം.
കാല്‍ ചക്രങ്ങള്‍ വെച്ചു കെട്ടിയ
ഒരാളെപ്പോലെ ജീവിതം മുന്‍പേ പറക്കുന്നു
എനിക്കറിയാവുന്ന ഒരേയൊരു ഭാഷ അയാള്‍ക്കറിയില്ല.

മരുഭൂമികള്‍ കൊണ്ട് ഹൃദയത്തിനു
ചുട്ടി കുത്തുന്ന എന്‍റെ ജീവിതമേ,
എത്ര വേഷങ്ങളാടിയാലും
നിന്റെ കാല്‍ച്ചക്ര വേഗതയ്ക്ക് തൊടാനാവാതെ
ഒരു ഋതു എനിയ്ക്കൊപ്പം നടക്കും,
നിറയെ തൊങ്ങലുകളുള്ള പാവാടയിട്ടു
നൃത്തം വെയ്ക്കുന്ന എന്‍റെ മകളെ പോലെ
ഒരു വസന്തം ഭൂമി ഇതുവരെ കണ്ടിരിക്കില്ല.

(കവിതയ്ക്ക് പേരിടുമ്പോള്‍ അനൂപ്‌ ചന്ദ്രന്റെ
മകള്‍ സൂര്യന്‍ എന്ന കവിതയുടെ പേര് ഓര്‍മ്മയിലുണ്ടായിരുന്നു)

ബൂലോക കവിതയില്‍ പ്രസിദ്ധീകരിച്ചത്

8.11.09

ഒരു മുറി പല നാടുകളാണ്

ഒരു ആയുസ്സില്‍ എത്ര ഭൂഖണ്ഡങ്ങളുടെ
ദൂരമാണ് ഒരാള്‍ തന്നിലേയ്ക്കു താണ്ടുക,
എത്ര കടലുകള്‍ക്ക് മീതേയാണ് പറന്നിട്ടുണ്ടാവുക?

എത്രകാലം കൂട് കെട്ടിയാലും
ഒരു ചിറകനക്കത്താല്‍ പോലും
സാക്ഷ്യപ്പെടുത്താന്‍ വയ്യാതെ
അടയിരുന്ന മരുഭൂമികള്‍,
വീടറിയാതെ നിന്ന തെരുവുകള്‍.
ഒരേ ലിപിയില്‍, ഒരേ മൊഴിയില്‍ പല ഭാഷ.

ഒരു ജന്മത്തെ പലതായി കീറുന്ന
മരണവും പുനര്‍ജ്ജന്മങ്ങളുമുണ്ട്
ദേശാടനങ്ങളുടെ ഭൂപടത്തില്‍.
ഓര്‍മ്മയുടെ നടുക്കടലില്‍
നങ്കൂരമഴിഞ്ഞ ഒരമ്മക്കപ്പല്‍
കാറ്റു പായകള്‍ വിടര്‍ത്തി നിര്‍ത്തുവാന്‍
ശ്വാസം തെളിച്ചെടുക്കുന്നവള്‍.

പ്രണയത്തില്‍ നിന്ന് ജീവിതത്തിലേയ്ക്കും
ശരീരത്തില്‍ നിന്ന് കവിതയിലേയ്ക്കും
പ്രവാസപ്പെടുമ്പോള്‍ ഇനിയും കണ്ടെത്താത്ത
കാടകങ്ങള്‍ ഗന്ധമറിയിക്കുന്നു.

ഉച്ചമയക്കത്തില്‍ നിന്ന്
മകളുണരുന്നത്,
മറഞ്ഞു പോകുന്ന തീവണ്ടിയിലിരുന്നു
കൈവീശി പോയവന്‍ മടങ്ങി വരുന്നത്,
കറി കരിഞ്ഞ മണം തീ കെടുത്താന്‍
വന്നു വിളിയ്ക്കുന്നത്
ഞാനുള്ള കരയിലേയ്ക്ക് തന്നെയാവുമോ?

25.10.09

കുന്നിറങ്ങുന്നവള്‍

കൈകള്‍ വിരുത്തി
കുന്നിറങ്ങുന്ന കാറ്റിനെ പോലെയാണ്
ചില ജീവിതങ്ങളില്‍ നിന്ന്
നാമിറങ്ങിപ്പോകുന്നത്
വേഗം, അനായാസം.
എന്നാലോരോ ചുരുളിലും
പടര്‍ന്നിരിയ്ക്കും കുടഞ്ഞാലും പോവാതെ
ആ കുന്നിന്റെ മാത്രം സുഗന്ധങ്ങള്‍.

എന്തോ ഒന്നവിടെ മറന്നു വെച്ചല്ലോ
എന്നാശങ്കപ്പെട്ടുതിരിഞ്ഞു നോക്കുമ്പോള്‍ കാണാം
കുന്ന്,
അതിന്‍റെ ആകാശം,
അവരുടെ ഉറവകള്‍.
ഓരോ ചരിവിലും കാട്ടുചെടികള്‍,
മരിയ്ക്കുമ്പോള്‍ വരാം
പ്രാണന്‍ തരാമെന്നു വേരാഴ്ത്തിയവ.
കുതറുന്നുണ്ടാവണം, ഇപ്പോളവയുടെ ചോടുകള്‍,
കൈകള്‍ വിരുത്തി മരണം വരുമ്പോലെയാണ്
ചില ജീവിതങ്ങളില്‍ നിന്ന് നാമിറങ്ങിപ്പോകുന്നത്
എത്ര വേഗം, അനായാസം!

(ബൂലോകകവിതയില്‍ പ്രസിദ്ധീകരിച്ചത്)

20.10.09

ദൈവം ആദ്യത്തെ കവിത വായിക്കുന്ന ദിവസം

അങ്ങനെയാരോ പറഞ്ഞെങ്കിലും
ആത്മഹത്യയല്ല അവസാനത്തെ കവിത.
ദൈവം വായിക്കുന്ന ആദ്യത്തെ കവിതയാണത്‌.

ജീവിതമെന്ന് പേരിട്ടു ഇത്രയും ദുരൂഹമായൊരു
വരിയെഴുതി വെച്ച ആ മഹാ കവി
ഇന്നേവരെ വായിച്ചിരിക്കാനിടയില്ല
നമ്മള്‍ പിടഞ്ഞു പിടഞ്ഞു എഴുതിയതൊന്നും.
ഇതെങ്കിലും വായിക്കട്ടെ!

ആത്മാവിലൊരു കിണര്‍ കുഴിച്ചു തന്നിട്ട്
ദാഹിച്ചു മരിയ്ക്കൂ എന്ന് പറഞ്ഞ
കുസൃതിയ്ക്ക് പകരം ഒരു കടലും
കൊണ്ടു തന്നെ പോകും ഞാന്‍.
ഒരു തൊട്ടിക്കയറു പോലും പാഞ്ഞു പോകാത്ത
അതിന്‍റെ ആഴത്തിലെ ഇരുള് കണ്ടു,
പടച്ചോന്‍റെ കണ്ണ് നിറയുമ്പോള്‍
എന്‍റെ കടല് കാണിച്ചു കൊടുക്കണം.

ഒരിറ്റു ജലമില്ലാതെ നടന്ന വഴികള്‍ കണ്ടു
നെഞ്ചു പൊള്ളുമ്പോള്‍
സാരമില്ലെന്ന് കൈപിടിയ്ക്കണം.
കണ്ണെഴുതുന്നത് നോക്കി നിന്ന് കവിതയെഴുതിയല്ലോ
എന്ന് പറയുന്ന നിന്നെ കാണിച്ചു കൊടുക്കണം.
ഏതു വേനലിലും ചുരക്കുന്ന
പാറകളെ കണ്ടിരിയ്ക്കില്ലേ ദൈവം?

അപ്പോഴായിരിയ്ക്കുമോ ജനന മരണങ്ങളുടെ
പുസ്തകം ദൈവമെന്നെ കാണിയ്ക്കുന്നത്,
ജീവിച്ചിരുന്നവരുടെ പേജുകളിലൊന്നും
എന്‍റെ പേരില്ലെന്ന്,ജനിയ്ക്കുന്നതിനു മുന്‍പേ മരിച്ച
കുഞ്ഞുങ്ങളുടെ കൂട്ടത്തിലാണ് ഞാനുള്ളതെന്ന്
അപ്പോഴായിരിയ്ക്കുമോ പറയുന്നത്?

15.10.09

വാക്ക്

അറിയാവുന്ന വാക്കുകളെല്ലാം
ഒന്നെടുത്തു കഴുകി നോക്കണം,
ക്ലാവ് പിടിച്ചു കറുത്തു
കണ്ടാലറിയാതെയായി

(സന്തോഷം സന്തോഷമേയല്ല
പ്രണയം ഒട്ടുമല്ല,
ജീവിതമോ തീരെയല്ല)

വക്ക് പൊട്ടിയും ചളുങ്ങിയും
എടുത്തു വെച്ച ജലമൊക്കെ ചോര്‍ന്നും
എത്രയാണുള്ളില്‍, അതിനിടയില്‍
ഒന്ന് കൂടി തിരഞ്ഞു നോക്കണം,

ആദ്യമായി പറയുമ്പോലെ
അണിയലും അലങ്കാരവുമില്ലാത്ത
ഒരു വാക്കെങ്കിലും കണ്ടെടുക്കണം,
നിന്നോട് ഒന്ന് മിണ്ടാനാണ്..

5.10.09

ഒരു രാത്രി കൊണ്ടു പൊഴിഞ്ഞു തീരുന്ന ഒരാള്‍

ഭൂമി അസ്തമിയ്ക്കുന്ന രാത്രിയാണിത്.
മിന്നാമിനുങ്ങുകളുടെ തോട്ടത്തിലൂടെ
ഇന്ന് ഞാന്‍ നിന്‍റെ വീട്ടിലേയ്ക്ക്‌ വരും,
തനിയേ മിണ്ടി മടുത്ത ഒരു വരമ്പ് പാടത്തിന്‍റെ
നെഞ്ചിലൂടെ എനിയ്ക്ക്‌ മുന്‍പേ നടക്കും.

അവിടെ,
ആകാശത്തേയ്ക്ക് ശിഖരങ്ങളുയര്‍ത്തി നിന്ന്
ഒരു മരം പ്രാര്‍ത്ഥന പോലെന്തോ പറയുന്നുണ്ടാവും
വെയിലിന്‍റെ മുനകള്‍ കൊണ്ടു മുറിഞ്ഞതെല്ലാം
നിലാവ് ഇറങ്ങി വന്നു തൊട്ടു നോക്കും,
ദിക്കു തെറ്റിയ എന്‍റെ കാറ്റില്‍ മുറിഞ്ഞ
ഒരു തണ്ട് പോലെ നീ വിറയ്ക്കുന്നുണ്ട്,
യുദ്ധം കഴിഞ്ഞ മണ്ണ് പോലെ ഞാനും

നാളെ നിന്‍റെ മുറ്റത്ത്‌ പൊഴിഞ്ഞു കിടക്കും
കരിയിലകള്‍ക്കൊപ്പം ഈ രാത്രി.
മഴയെന്നും തീയെന്നും പേരുള്ള ഒരോര്‍മ്മ
ചാവേറെന്നു എനിയ്ക്ക്‌ പേരിടും മുമ്പ്‌
അടിച്ചുകൂട്ടി കത്തിച്ചു കളഞ്ഞേക്കണം
നിന്‍റെ കാല്‍ നഖത്തോളവും തിളക്കമില്ലാത്ത
ഇതിന്‍റെ നക്ഷത്രങ്ങളെ മുഴുവന്‍.